സീൻ മാറ്റി മഞ്ഞുമ്മലിലെ പിള്ളേർ| Manjummel Boys Review

February 22, 2024

Manjummel Boys (2024) Malayalam Review

 🔻"മഞ്ഞുമ്മെൽ ബോയ്സ് സീൻ മാറ്റും" എന്ന സുഷിൻ ശ്യാമിൻ്റെ ഒറ്റ വാക്കിൽ തുടങ്ങിയതാണ് ഈ സിനിമയെ പറ്റിയുള്ള ചർച്ചകൾ ജാൻ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ , ബാലു വർഗ്ഗീസ് തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക യുവ നടന്മാരും അണിനിരക്കുന്ന സിനിമ , ഇതിനപ്പുറം എന്തെങ്കിലും വേണോ ഒരു സിനിമയ്ക്ക് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുവാൻ 2024 യിൽ മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്ന സിനിമ അങ്ങനെ വിശേഷിപ്പിച്ചാലും തെറ്റ് പറയുവാനാവില്ല, പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും അപ്പുറം ഇന്ത്യൻ സിനിമയിലെ തന്നെ എടുത്തു പറയുവാൻ സാധിക്കുന്ന തരത്തിലുള്ള ഒരു മികച്ച സർവിവൽ ത്രില്ലെർ ചിത്രമാകാൻ മഞ്ഞുമ്മെൽ ബോയിസിന് സാധിച്ചിട്ടുണ്ട് എന്നുള്ളത് ആദ്യമേ തന്നെ പറയട്ടെ അതെ ചുരുക്കി പറഞാൽ മലയാള സിനിമയുടെ സീൻ മാറ്റിയിട്ടുണ്ട് ചിത്രം , ആരാധകരെ സുഹൃത്ത് ബന്ധത്തിൻ്റെ വിശാലതയിലൂടെയും യൗവ്വനത്തിൻ്റെ മധുരത്തിലൂടെയും അതിജീവനത്തിൻ്റെ ഭയാനതയിലൂടെയും സഞ്ചരിപ്പിച്ച് ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചൊരു തീയേറ്റർ എക്സ്പീരിയൻസ് ചിത്രം സമ്മാനിച്ചിട്ടുണ്ട്

Storyline

🔻ചിത്രത്തിൻ്റെ കഥയിലേക്ക് വരുമ്പോൾ എറണാകുളം ജില്ലയിലെ ചെറിയൊരു ഗ്രാമ പ്രദേശമായ മഞ്ഞുമ്മൽ , സാധാരണക്കാരായ ചെറിയ ജോലികൾ ചെയ്ത് ആഴ്ചയിൽ ഒരിക്കൽ കിട്ടുന്ന അവധി ദിവസത്തിലെ സന്തോഷം പ്രതീക്ഷിച്ച് ജീവിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാർ , അവരുടെ കഥയാണ് മഞ്ഞുമ്മെൽ ബോയ്സ്, അങ്ങനെ ചെറിയ സന്തോഷനങ്ങളിലൂടെ ജീവിതം മുന്നോട്ട് നയിച്ചു കൊണ്ട് പോയിരുക്കുമ്പോഴാണ് ഒരു ഓണക്കാലത്ത് എല്ലാവരും കൂടെ ഒരു യാത്ര പോകുവാൻ തീരുമാനിക്കുന്നത് , ഒത്തിരി ആലോചനകൾക്ക് ശേഷം കൊടൈക്കനാൽ എന്ന സുന്ദര പ്രദേശത്തെ യാത്രയ്ക്കായി അവർ തിരഞ്ഞെടുക്കുന്നു , അങ്ങനെ എല്ലാം മറന്ന് സന്തോഷം മാത്രം നിറഞ്ഞൊരു യാത്ര തുടങ്ങുന്നു , യാത്രയുടെ അവസാന ലൊക്കേഷൻ ആയി തിരഞ്ഞെടുക്കുന്നതോ 90 കളിൽ ഉലക നായകൻ കമൽ ഹാസൻ അഭിനയിച്ച "ഗുണ" എന്ന സിനിമയുടെ ലൊക്കേഷൻ ആയ ഗുണ കേവും , സന്ദർശകർക്ക് നിയമ പരമായി വളരെയധികം പരിമിധിയുള്ള സ്ഥലമായിരുന്നിട്ട് കൂടിയും അത് വക വെയ്ക്കാതെ ആ പത്ത് ചെറുപ്പക്കാരും ഗുഹയുടെ അടി തട്ടിൻ്റെ ഭാഗത്തേക്ക് കടക്കുന്നു അവിടെ വെച്ച് കൂട്ടത്തിലെ സുഭാഷ് എന്ന ചെറുപ്പക്കാരൻ 900 അടി താഴ്ചയിലേക്ക് അകപ്പെടുന്നു, നിയമ സംവിധാനങ്ങളും നാട്ടുകാരും അവർക്ക് എതിരെയാവുന്നു എന്നിട്ടും അതൊന്നും വക വയ്ക്കാതെ തങ്ങളുടെ പ്രിയ സുഹൃത്തിനെ ജീവൻ പണയം വെച്ചവർ രക്ഷിക്കുന്നതാണ് ചിത്രത്തിൻ്റെ സാരാംശം , ഇത് ഒരു റിയൽ ലൈഫ് സ്റ്റോറി ആണ് എന്നുള്ളത് തന്നെയാണ് ഓരോ പ്രേക്ഷകനെയും അമ്പരപ്പിക്കുന്നത് 

Cast&Crew

🔻 ഗുണ കേവിൽ അകപ്പെടുന്ന സുഭാഷ് എന്ന ചെറുപ്പക്കാരനായി ശ്രീനാഥ് ഭാസി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ , തൻ്റെ പ്രിയ സുഹൃത്തിൻ്റെ ജീവന് വേണ്ടി തൻ്റെ ജീവൻ പോലും പണയം വെക്കുന്ന കൂട്ടത്തിലെ മുതിർന്നയാളായ കുട്ടൻ അഥവാ കുട്ടേട്ടനായി സൗബിൻ ഷാഹിർ തൻ്റെ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത് , കുട്ടൻ തൻ്റെ പ്രകടനത്തിലൂടെ മാത്രം പ്രേക്ഷകൻ്റെ നെഞ്ചിലേക്ക് ആഴ്‌ന്നിറങ്ങുന്നുണ്ട് സിനിമയിൽ, ബാലു വർഗ്ഗീസ്, ഗണപതി, ദീപക് പരമ്പോൾ ,അഭിരാം രാധ കൃഷ്ണൻ , ജീൻ പോൾ ലാൽ , ചന്തു സലിം കുമാർ, അരുൺ കുരിയൻ, വിഷ്ണു രഘു തുടങ്ങിയവരാണ് മഞ്ഞുമ്മൽ ബോയിസിലെ മറ്റംഗങ്ങൾ , ഓരോരുത്തരും അവരവരുടേതായ പ്രകടനം കൊണ്ട് മികച്ചു തന്നെ നിൽക്കുന്നു , സുഹൃത്ത് ബന്ധത്തിൻ്റെ ആഴം പറയുന്ന കഥാ പശ്ചാത്തലമായത്തിനാൽ തന്നെ എല്ലാവരുടെയും പ്രാധാന്യം ചിത്രത്തിലുണ്ട് , ഇവരെ കൂടാതെ ഷെബിൻ ബെൻസൺ, ഖാലിദ് റഹ്മാൻ , തമിഴിൽ നിന്നും ജോർജ് മാര്യൻ തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തിൻ്റെ ഭാഗമാവുന്നുണ്ട് എല്ലാവരും ഒന്നിനൊന്ന് മികവുറ്റ പ്രകടനം തന്നെയാണ് കാഴ്ച്ച വെച്ചിരിക്കുന്നത് 

🔻സിനിമയുടെ പിന്നണിയിലേക്ക് വരുമ്പോൾ ആദ്യം തന്നെ ഓർമ്മ വരുന്നത് സുഷിൻ ശ്യാമിനെ തന്നെയാണ് തൻ്റെ വാക്കുകളോട് നൂറു ശതമാനം നീതി പുലർത്തുന്ന അതി ഗംഭീരമായ വർക്ക് തന്നെയാണ് സുഷിൻ മഞ്ഞുമ്മൽ ബോയിസിന് വേണ്ടി ഒരുക്കിയിരിക്കുന്നത് , ചില സീനുകളിൽ പ്രേക്ഷകരെ ഭയാനതയുടെ അറ്റം ഇല്ലാത്ത ആഴത്തിലേക്ക് തള്ളിയിടുവാൻ സുഷിൻ്റെ സ്കോറുകൾക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് പറയാതെ ഇരിക്കുവാൻ കഴിയില്ല , സുഷിൻ്റെ ഓരോ സ്കോറുകളും പ്രേക്ഷകരെ ആസ്വാദനത്തിൻ്റെ മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കുന്നു , സുഷിൻ ശ്യാം എന്ന പേര് കൊണ്ട് മാത്രം മലയാളി പ്രേക്ഷകർ സിനിമയ്ക്ക് ടിക്കറ്റ് എടുക്കുന്ന ഒരു കാലം വിദൂരമല്ല അത്രയ്ക്ക് പ്രോമിസിങ് ആണ് സുഷിൻ്റെ ഓരോ വർക്കുകളും , ഷൈജു ഖാലിദാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ജീവൻ തുളുമ്പുന്ന ഒരു പറ്റം മറക്കാനാവാത്ത ഷോട്ടുകൾ ഷൈജു ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്, പറവ ഫിലിംസിൻ്റെ ബാനറിൽ ഷോൺ ആൻ്റണി, ബാബു ഷാഹിർ , സൗബിൻ ഷാഹിർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് , അനുഗ്രഹീതരായ ഒരുപറ്റം കലാകാരന്മാരുടെ കൂട്ടായ പരിശ്രമത്തിൻ്റെ ഭലം സിനിമയായി തീയേറ്ററിൽ എത്തിയപ്പോൾ ഓരോ പ്രേക്ഷകനും ഭീതിയോടെ ഒരു കൊടൈക്കനാൽ യാത്ര നടത്തിയ അനുഭവം ലഭിക്കുന്നു എന്നുള്ളത് എടുത്ത പറയാതെ ഇരിക്കുവാൻ സാധിക്കില്ല

🔻 മുഴുവനായി പറയുമ്പോൾ മലയാള സിനിമയിൽ നിന്നും ഇന്ത്യൻ സിനിമ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സർവിവൽ ത്രില്ലർ പിറന്നിരിക്കുന്നു, ഒരു മലയാളി എന്ന നിലയിൽ നമുക്ക് ഓരോരുത്തർക്കും അഭിമാനിക്കാൻ പറ്റുന്ന നിലയിലുള്ള ഒരു സിനിമ , കൊടുത്ത ഹൈപ്പിനും ടിക്കറ്റ് എടുക്കുന്ന പൈസയ്ക്കും ഉറപ്പായും സിനിമ മുതലായിരിക്കും എന്നുള്ളതിൽ സംശയമില്ല , അത്രയ്ക്കും മികവുറ്റ രീതിയിലാണ് സിനിമ ചിദംബരം എടുത്തു വെച്ചിരിക്കുന്നത് , എല്ലാവരും തീയേറ്ററുകളിൽ തന്നെ ആസ്വദിക്കാൻ ശ്രമിക്കുക അല്ലാത്ത പക്ഷം അതൊരു വലിയ നഷ്ടം തന്നെയായിരിക്കും 


Duration : 2h 15m


Gene : Comedy ,Drama , Thriller , Adventure


My Rating : ★★★★☆


You Might Also Like

0 Comments