പ്രേമലു എന്ന കിടുക്കലു | Premalu Movie Review

February 12, 2024

 

Premalu Movie Review

🔻തണ്ണീർ മത്തൻ ദിനങ്ങൾ , സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റ് കോമഡി എൻ്റർടെയ്നർ സിനിമകൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ഗിരീഷ് എ. ഡി എന്ന സംവിധായകനിൽ നിന്നും വീണ്ടുമൊരു കോമഡി എൻ്റർടെയ്നർ സിനിമ എത്തുന്നു , ഒരു പ്രേക്ഷകൻ എന്ന നിലയിൽ എന്നെ തീയേറ്ററിൽ എത്തിക്കുവാൻ ഇത് തന്നെ ധാരാളമായിരുന്നു , എൻ്റെ പ്രതീക്ഷകൾക്കും മുകളിൽ ചിരിപ്പിക്കാനും രസിപ്പിക്കുവാനും ചിത്രത്തിന് ആയി എന്നുള്ളത് ആദ്യം തന്നെ പറയട്ടെ പുതു തലമുറയുടെ ജീവിതം അവരുടെ ഭാഷയോട് പൂർണ്ണമായും നീതി പുലർത്തിക്കൊണ്ട് സിനിമകൾ നിർമ്മിക്കുന്നു എന്നുള്ളത് സംവിധായകൻ്റെ എടുത്ത് പറയേണ്ട പ്രത്യേകത തന്നെയാണ് മുൻപ് ഇറങ്ങിയ രണ്ടു സിനിമകളും ഈ പറഞ്ഞ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നവയയായിരുന്നു എങ്കിൽ മൂന്നാമത്തെ ചിത്രമായ പ്രേമലുവും അങ്ങനെ തന്നെയാണ് സിനിമയിലെ പല സീനുകളും ഈ തലമുറയുടെ ഭാഗമായ എനിക്ക് എവിടെയൊക്കെയോ എൻ്റെ ജീവിതത്തിലും കടന്നു പോയ നിമിഷങ്ങളുമായി കൂട്ടി ചേർക്കുവാൻ സാധിക്കുന്നുണ്ട് , ആദ്യ ചിത്രമായ തണ്ണീർ മത്തൻ ദിനങ്ങളിൽ സ്കൂൾ കാലഘട്ടത്തിലെ യുവതലമുറയെയും സൂപ്പർ ശരണ്യയിൽ കോളേജ് കാലഘട്ടം ആഘോഷിക്കുന്ന യുവതലമുറയെയും പ്രേക്ഷകർ കണ്ടൂ എങ്കിൽ പ്രേമലുവിലേക്ക് എത്തുമ്പോൾ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നത് കോളേജ് പഠനം പൂർത്തിയാക്കി ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും ചിന്തിക്കുന്ന യുവതലമുറയെയാണ്, അത്രയ്ക്ക് മനോഹരമാണ് ഗിരീഷ് എന്ന സംവിധായകൻ്റെ സിനിമാറ്റിക് ജേർണി

PREAMALU Movie Story

🔻കഥയിലേക്ക് വരുമ്പോൾ തമിഴ് നാട്ടിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെ ത്തിയിരിക്കുന്നയാളാണ് ആലുവക്കാരനായ സച്ചിൻ , എത്രയും പെട്ടെന്ന് നാടുകടക്കണം എന്നും തൻ്റെ ഭാവി യൂ.കെ യിൽ പോയി സെറ്റിൽ ആവണം എന്നുമാണ് കഥാപാത്രത്തിൻ്റെ ആഗ്രഹം , എങ്കിൽ നിർഭാഗ്യവശാൽ ആദ്യത്തെ ഇൻ ടേക്കിൽ സച്ചിന് വിസ കിട്ടാതെ വരുന്നു , അങ്ങനെ വിഷമത്തിൽ ആവുന്ന സച്ചിൻ്റെ മുന്നിലേക്ക് M.Tech admission ന് വേണ്ടിയുള്ള GATE പരീക്ഷയുടെ കോച്ചിംഗ് എന്ന ഓപ്ഷനുമായി തൻ്റെ ബാല്യകാല സുഹൃത്തും സഹപാഠിയായ അമൽ തോമസ് എത്തുന്നു , ഈ സങ്കടങ്ങളിൽ നിന്നും ഒന്ന് കര കയറാനും നാട്ടിൽ നിന്നും ഒന്ന് മാറി നിൽക്കുവാനും വേണ്ടി ഒട്ടും താൽപര്യം ഇല്ലായിരുന്നിട്ട് കൂടിയും അമലിൻ്റെ കൂടെ സച്ചിനും ഹൈദരാബാദിലേക്ക് വണ്ടികയറുന്നു, അങ്ങനെ പ്രത്യേകിച്ച് യാതൊരുവിധ ലക്ഷ്യങ്ങളുമില്ലാതെ നടക്കുന്ന സച്ചിൻ അവിടെ ഒരു കല്യാണ ചടങ്ങിൽ വെച്ച് റീനു എന്ന പെൺകുട്ടിയെ കണ്ട് മുട്ടുന്നു , സച്ചിൻ എന്ന ചെറുപ്പക്കാരനെ വെച്ച് നോക്കുമ്പോൾ പൂർണമായും വ്യത്യസ്തമാണ് റീനുവിൻ്റെ ജീവിതം നാട്ടിൽ തന്നെ പഠനം പൂർത്തിയാക്കിയതിന് ശേഷം ജീവിതം ആസ്വദിക്കാനും ഹൈദരാബാദ് എന്ന വലിയ നഗരം എക്സ്പ്ലോർ ചെയ്യുവാനും വേണ്ടി അവിടുത്തെ തന്നെ വലിയൊരു I T കമ്പനിയിലെ ജോലിക്കും വേണ്ടിയാണ് റീനു ആ നഗരത്തിലേക്ക് എത്തിയത് , റീനുവിനെ സംബന്ധിച്ചെടുത്തോളം തൻ്റെ 30 മത്തെ വയസ്സുവരെയുള്ള കാര്യങ്ങളെ ക്കുറിച്ച് വരെ കൃത്യമായ പ്ലാനിങ്ങും ലക്ഷ്യണങ്ങളുമുള്ള സ്മാർട്ട് ആയ ഒരു പെൺകുട്ടിയാണ് എന്നാൽ ഇപ്പുറത്ത് സച്ചിൻ ആവട്ടെ നാളെ എന്ത് ചെയ്യണം എന്നുപോലും കൃത്യമായ ധാരണയില്ല എന്നാൽ ആകെ ലക്ഷ്യമായുള്ളത് റീനുവിനോടുള്ള ഇഷ്ട്ടം മാത്രമാണ് , ഇവിടെ സച്ചിന് പ്രധാന വെല്ലുവിളിയായുള്ളത് റീനുവിൻ്റെ ഓഫീസിലെ ടീം ഹെഡും കരിയറിൽ ഉയർച്ച കൈവരിച്ചയാളുമായ ആദി എന്ന കഥാപാത്രമാണ് രണ്ടുപേർ തമ്മിലുള്ള തമാശ കലർന്ന മത്സരങ്ങളും റീനുവിൻ്റെയും സച്ചിൻ്റെയും അമലിൻ്റെയും സൗഹൃദങ്ങളുമൊക്കെയാണ് സിനിമയുടെ സാരാംശം

🔻സച്ചിൻ എന്ന ചെറുപ്പക്കാരനായി നസ്ലൻ എപ്പോഴത്തേത് പോലെയും തൻ്റെ റോൾ മികച്ചതാക്കിയിട്ടുണ്ട് നസ്ലൻ സ്ഥിരമായി ചെയ്തു വരുന്ന ആ ഒരു പാറ്റേൺ തന്നെ ആയതിനാൽ തന്നെ തൻ്റെ കഴിവിൻ്റെ മാക്സിമം കൊടുക്കുവാൻ നസ്ലന് ഇവിടെയും സാധിച്ചിട്ടുണ്ട് , തണ്ണീർ മത്തൻ ദിനങ്ങൾ മുതൽ മലയാളി പ്രേക്ഷകർ രണ്ടു കയ്യോടെ സ്വീകരിച്ച നെസ്ലൻ മാജിക് നമുക്ക് പ്രമലുവിലും കാണുവാൻ സാധിക്കും . പ്രേമലുവിൻ്റെ ജീവനായ കഥാപാത്രമായ റീനുവായി മമിത ബൈജുവും തൻ്റെ പ്രകടനം മികവുറ്റതാക്കി നസ്ലൻ- മമിത കോമ്പോയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നുള്ളതിൽ യാതൊരു സംശയവമില്ല, പ്രമലുവിൻ്റെ ജീവൻ നസ്ലൻ്റെയും മമിതയുടെയും പ്രണയവും സൗഹൃദം ആണ് എങ്കിലും , സിനിമയിൽ തങ്ങളുടെ പ്രകടനം കൊണ്ട് മാത്രം സ്കോർ ചെയ്ത വേറെ ചിലരുണ്ട് , അവരെക്കുറിച്ച് എടുത്ത് പറയാതെ ഈ നിരൂപണം ഒരിക്കലും പൂർത്തിയാവുകയില്ല അതിൽ പ്രധാനപ്പെട്ടതാണ് റീനുവിൻ്റെ ടീം ഹെഡ് ആയ ആദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്യാം മോഹൻ , തൻ്റെ അഭിനയ ശൈലി കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും ഏതൊരു ബന്ധത്തെയും ടോക്‌സിക്കായിൻ മാത്രം സമീപിച്ചുകൊണ്ട് മറ്റുള്ളവരുടെ മുന്നിൽ മിസ്റ്റർ പെർഫെക്റ്റ് ആയി അഭിനയിക്കുന്ന ആദിയെന്ന കഥാപാത്രമായി ചിത്രത്തിൽ മികച്ച അഭിനയം തന്നെയാണ് സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്, ഒരു ചെറു പുഞ്ചിരിയിൽ പോലും തൻ്റെ ടോക്‌സിസിറ്റി പ്രകടമാക്കി പ്രേക്ഷകരിലേക്ക് ഇറങ്ങി ചെല്ലുവാൻ ശ്യാമിന് പറ്റിയിട്ടുണ്ട് , പിന്നീട് എടുത്ത് പറയേണ്ടത് നസ്ലൻ്റെ ഉറ്റ ചങ്ങാതിയായി അമൽ ഡേവിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സംഗീത് പ്രതാപാണ്, സച്ചിൻ എന്ന കഥാപാത്രത്തിനു വേണ്ട എല്ലാ തരത്തിലുള്ള മാർഗ്ഗ നിർദ്ദേശങ്ങളും സമ്മാനിച്ച് ചിരിയുടെ മാലപ്പടക്കം സമ്മാനിച്ചു തൻ്റെ കരിയറിലെ മികച്ച കഥാപാത്രം തീർക്കുവാൻ സംഗീതിന് സാധിച്ചിട്ടുണ്ട് സിനിമ കണ്ടിറങ്ങുന്ന ഒരു പ്രേക്ഷകനും അമൽ ഡേവിസിനെ മറക്കുകയില്ല അത്ര മികച്ചതാണ് ആ കഥാപാത്രം , ചൂരൽ എന്ന ഗംഭീര ടീമിലൂടെ സോഷ്യൽ മീഡിയയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ ഷമീർ ഖാൻ ചെയ്ത സുബിൻ എന്ന കഥാപാത്രവും തീയേറ്ററുകളിൽ വലിയ കയ്യടി നേടുന്നുണ്ട് , ഈ ചിരി വിരുന്നിൽ ഷമീറിൻ്റെ tit for tat എന്നത് പോലെയുള്ള നർമ്മം കലർന്ന മറുപടികൾ വലിയ പ്രാധാന്യം അർഹിക്കുന്നുണ്ട് , മീനാക്ഷി ചെയ്തു വാണ്ടർ ലസ്റ്റ് എന്ന കഥാപാത്രവും വലിയ ഡയലോഗുകൾ ഇല്ലെങ്കിലും ഉള്ള ഭാഗങ്ങളിൽ തൻ്റെ അക്ടിങ്ങിലൂടെ പ്രേക്ഷകർക്ക് ചിരി സമ്മനിക്കുന്നുണ്ട് , നസ്ലൻ സിനിമകളിൽ ഒഴിച്ച് കൂടാനാവാത്ത ഒരു വ്യക്തിയാണ് മാത്യൂസ് , മാത്യൂസ് എവിടെയൊക്കെയോ സമ്മാനിക്കുന്ന ചെറിയ നർമ്മ മുഹൂർത്തങ്ങൾ ഒഴിച്ച് നിർത്തിയാൽ കഥാപാത്രത്തിന് വലിയ പ്രാധാന്യം സിനിമയിലില്ല ഇവരെ കൂടാതെ അൽത്താഫ് സലീം, അഖില ഭാർഗവൻ തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിനുണ്ട് , ഇത്രയും മികവാർന്ന കലാകാരന്മാരുടെ കൂട്ടായ പരിശ്രമത്തിൻ്റെ വിജയം തന്നെയാണ് പ്രമലു എന്ന ഈ സിനിമ എന്ന് നിസംശയം പറയാം 


🔻സിനിമയുടെ പിന്നണിയിലേക്ക് വരുമ്പോൾ പുതു തലമുറയുടെ കൂട്ടുകെട്ടും ഹൈദരബാദ് എന്ന നഗരത്തിൻ്റെ സൗന്ദര്യവും ഒപ്പിയെടുക്കുവാൻ അജ്മൽ സാബു എന്ന ഛായാഗ്രാഹന് സാധിച്ചിട്ടുണ്ട് , മനോഹര ഫ്രയിമുകൾക്കിക്ക് പുതു ജീവൻ നൽകുവാൻ വിഷ്ണു വിജയിയുടെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും കഴിയുന്നുണ്ട് , ആകാശ് ജോസഫ് വർഗീസാണ് ചിത്രത്തിൻ്റെ എഡിറ്റർ , ഗിരീഷ് എ.ഡി എന്ന സംവിധായകനോനോടൊപ്പം ചേർന്ന് കിരൺ ജോസിയാണ് ചിത്രത്തിന് ആസ്പദമായ കഥയെഴുതിയത് , ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ഫഹദ് ഫാസിൽ ദിലീഷ് പോത്തൻ , ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് 🔻മുഴുവനായി പറയുമ്പോൾ സംവിധായകൻ്റെ മുൻ സിനിമകളുടെ അതെ പാറ്റേണിലുള്ള ത്രെഡ് ആയിരുന്നിട്ടും സിനിമയുടെ അവതരണ രീതികൊണ്ടും കഥപറച്ചിലിൻ്റെ പുതുമ കൊണ്ടും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ പൂർണമായും വിജയിച്ചിട്ടുണ്ട് , കുടുംബത്തോടൊപ്പം അല്ലെങ്കിലും കൂട്ടുകാരുമായി ചേർന്ന് ഒരു രണ്ടരമണിക്കൂർ എല്ലാം മറന്നു ആസ്വദിക്കുവാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ തീർച്ചയായും ടിക്കറ്റ് എടുക്കാം ഒട്ടും ലാഗ് ഫീൽ ചെയ്യിക്കാതെ കഥപറയുവൻ ചിത്രത്തിന് കഴിയും എന്നുള്ളത് ഉറപ്പാണ് , തീയേറ്ററുകളിൽ തന്നെ ആസ്വദിക്കുവാൻ ശ്രമിക്കുക 


Duration : 2h 36m


Genre : Comedy , Romance


My Rating : ★★★★☆ 1/2

You Might Also Like

0 Comments